കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ചാലുകളിൽ മഴവെള്ളം ഒഴുകിയതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. കൂടുതൽ മണ്ണും കല്ലും ഏത് നിമിഷവും ഒഴുകി വീടിന് പിൻ വശത്തേക്ക് പതിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇടപെട്ട് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കുകയായിരുന്നു.