തൊടുപുഴ: സംസ്ഥാനത്ത് റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.
ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴചയുണ്ടായെന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് 5.30ക്കാണ് ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഡാം തുറന്ന വിവരം ഇന്ന് രാവിലെ 8 മണിയ്ക്കാണ് അധികൃതര്‍ നല്‍കിയത്. ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണോ ജില്ല ഭരണകൂടത്തിന്റെ വീഴ്ചയാണോ എന്നത് വ്യക്തമല്ല.
നിലവില്‍ പ്രദേശത്ത് ജഗ്രത നിര്‍ദേശം നല്‍കുകയാണ്. ഒന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും, രണ്ടാമത്തെ ഷട്ടര്‍ വഴി 10 സെന്റീമീറ്ററും മൂന്നും നാലും ഷട്ടര്‍ 30 സെന്റീമീറ്റുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.