ഗസ്സ സിറ്റി: അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തി. ഗസ്സയിലെ പ്രായംകുറഞ്ഞ ഇൻഫ്ലുവൻസറായ യാഖീൻ ഹമദ് ഉൾപ്പെടെ നിരവധി കുട്ടികളും രണ്ട് റെഡ് ക്രോസ് പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ 95 ശതമാനം സ്കൂളുകളും ഇസ്രായേൽ ആക്രമിച്ചുകഴിഞ്ഞു.
ആക്രമണത്തിന് പിന്നാലെ സ്കൂളിൽ തീപടർന്നു. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ടെലഗ്രാം അപ്ഡേറ്റിൽ അറിയിച്ചു. 21 പേർക്ക് പരിക്കേറ്റിരുന്നു.
ബോംബാക്രമണത്തിൽ സ്കൂളിന്‍റെ പകുതിയോളം ഭാഗങ്ങൾ തകർന്നു. വലിയ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.