കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് കൊച്ചിയിൽ പ്രതി കീഴടങ്ങിയത്. ഇന്ന് സുകാന്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ മെയ് 22ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രം ഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.