മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കളമശേരിയിൽ ചേർന്ന കെപിസിസി ഉന്നതതല യോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറിയതായി കെപിസിസി വ്യക്തമാക്കി. പിവി അൻവർ ഉയർത്തിയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം കെപിസിസി ഉറപ്പിക്കുകയായിരുന്നു. കെപിസിസി തീരുമാനം എഐസിസിക്ക് കൈമാറിയ ശേഷം ഇന്നുതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരുന്നു കളമശേരിയിൽ നടന്ന ഉന്നതല യോഗത്തിൽ ഉയർന്നു വന്നത്. കെപിസിസിയുടെ കത്ത് മല്ലികാർജുൻ ഖാർഖെയ്ക്ക് ലഭിച്ചു.
വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നിർദേശം കോൺഗ്രസ് നേതൃത്വം തള്ളി. സംസ്ഥാന നേതാക്കൾ ജോയിയുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷൗക്കത്തിന്റെ പേര് നേരത്തെ മുതൽ ചർച്ചകളിൽ മുൻതൂക്കം നേടിയിരുന്നു. സാമുദായിക പരിഗണനകളും കെപിസിസി പുനസംഘടനയും ഷൗക്കത്തിന് അനുകൂലമായി.
പിവി അൻവർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് യുഡിഎഫ്, സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു. “നിലമ്പൂരിൽ ജയിക്കാൻ കഴിയുന്ന, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടുന്ന സ്ഥാനാർഥിയാണ് വേണ്ടത്. ക്രിസ്ത്യൻ സ്ഥാനാർഥി മണ്ഡലത്തിന് ഗുണം ചെയ്യും. യുഡിഎഫിനും കേരളത്തിനും നിർണായകമായ തെരഞ്ഞെടുപ്പാണിത്. പിണറായി സർക്കാരിന് മുന്നിൽ പരാജയം ഏറ്റുവാങ്ങാൻ കഴിയില്ല,” അൻവർ പറഞ്ഞു. എന്നാൽ, അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്ന കോൺഗ്രസിന്റെ തീരുമാനത്തോടെ ഷൗക്കത്തിന്റെ പേര് ഒറ്റയ്ക്ക് ഉയർന്നു.
വിഎസ് ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനത്തിന് നിയോഗിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. പിവി അൻവർ ഇടതുമുന്നണി വിട്ടതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. ജൂൺ 19-നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും.