കോഴിക്കോട്:കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ അധ്യയന വർഷം കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയത്.
കാലവർഷം ശക്തമായ സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താനും സ്കൂൾ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ഇവ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് നിർദേശം. ജില്ലയിലെ മറ്റെല്ലായിടങ്ങളിലും സ്കൂളുകൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിലും കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തുകയോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്‌തില്ലെന്ന് പരാതിയുയർന്നിരുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർ യോഗത്തെ അറിയിച്ചു.