സുൽത്താൻ ബത്തേരി: വയനാട്ടിൽ ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് അനധികൃതമായി കർണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. ബംഗളൂരു കദിരപ്പ റോഡ് ആന്റണി ജോൺസൺ (37) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയിൽ പൊലീസ് ഔട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.
കെഎസ്ആർടിസി ബസ് യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ആന്റണി ജോൺസന്റെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയത്. തുടർന്ന് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. കർണാടക മദ്യം നികുതി വെട്ടിച്ച് കടത്തുന്നതിന് പുറമെ കേരളത്തിൽ വയനാട്ടിലും സമീപ ജില്ലകളിലും ചില്ലറ വിൽപ്പന കൂടി ലക്ഷ്യമിട്ടാണ് മദ്യക്കടത്തെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആന്റണി ജോൺസൺ മദ്യം കേരളത്തിലേക്ക് എത്തിച്ച് ആർക്കാണ് കൈമാറുന്നതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. മുത്തങ്ങ ചെക്പോസ്റ്റ് വഴിയുള്ള കടത്ത് കൂടാതെ പുൽപ്പള്ളിക്കടുത്ത ബൈരക്കുപ്പ വഴിയും മറ്റു കേരള-കർണാടക അതിർത്തി ചെക്പോസ്റ്റുകൾ വഴിയുമെല്ലാം വില കുറഞ്ഞ കർണാടക മദ്യം വയനാട്ടിലേക്ക് എത്തിക്കുന്നതായി സൂചനയുണ്ട്.
ഏറ്റവും തിരക്കേറിയ മുത്തങ്ങ ചെക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്തുന്നത് പരിശോധന ശക്തമാക്കിയപ്പോൾ കുറഞ്ഞിരുന്നു. നിരോധിത പുകയില ഉത്പ്പന്നങ്ങളും മുത്തങ്ങ അതിർത്തി വഴി കടത്താറുണ്ട്. കഴിഞ്ഞ ദിവസം ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ കടത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.