കൊല്ലം , ആലപ്പുഴ: പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസാ കപ്പലിലെ കണ്ടെയ്നറുകളിൽ 34 എണ്ണം കൊല്ലം ജില്ലയിലെ തീരദേശങ്ങളിലും രണ്ടെണ്ണം ആലപ്പുഴയിലും അടിഞ്ഞു. കൊല്ലം ശക്തികുളങ്ങര, ഒഴുക്ക്തോട്, വലിയവിളതോപ്പ്, തിരുമുല്ലവാരം, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ചവറ, പരിമണം, പാപനാശം, വെടിക്കുന്നം, കൊല്ലം ബീച്ച് എന്നിവിടങ്ങളിലായി 34 ഓളം കണ്ടെയ്നറുകളാണ് അടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും പൊളിഞ്ഞ് കാലിയായ നിലയിലായിരുന്നു. ചിലതിൽ തേയില, കോട്ടൻ തുണികൾ, ന്യൂസ് പ്രിന്‍റ് റോളുകൾ തുടങ്ങിയവ ഉണ്ടായിരുന്നു. കപ്പലിലെ ലൈഫ്ബോട്ടുകളിൽ ഒന്ന് ശക്തികുളങ്ങര തീരത്തും അടിഞ്ഞു.
ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവ് തീരത്താണ് രണ്ടു കണ്ടെയ്നറുകൾ അടിഞ്ഞത്. രണ്ടും കൂട്ടിഘടിപ്പിച്ച നിലയിലാണ്. ഇവയിൽ നിറയെ പഞ്ഞിയായിരുന്നു. മിക്കതും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽനിന്ന് ഓറഞ്ച് നിറത്തിലെ പെട്ടികളും കരക്കടിഞ്ഞു.
കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്നും 200 മീ. അകലം പാലിക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്നർ പരിശോധനക്ക് വിദഗ്ധസംഘം എത്തും. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ എത്തുന്നത് തടയാൻ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.