കൽപ്പറ്റ: വയനാട്ടിൽ തുടരുന്ന കനത്ത മഴയിൽ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് പനമരം - നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പനമരം പൊലീസിന്‍റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ചെറിയ പാലം അപകടാവസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം. തുടർച്ചയായുള്ള മഴ നിലയ്ക്കുന്നത് വരെയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
സുൽത്താൻബത്തേരി, പുൽപ്പള്ളി, കേണിച്ചിറ, നടവയൽ, നെല്ലിയമ്പം, നീർവാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നുള്ളതും കണക്കിലെടുത്താണ് നിയന്ത്രണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയില്‍ യന്ത്രസഹായത്താൽ മണ്ണ് നീക്കം ചെയ്യരുത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിന് നിരോധന ഉത്തരവ് ബാധകമല്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു