കോഴിക്കോട്:ശക്തമായ കാറ്റിലും മഴയിലും വടകര താലൂക്കിൽ 13 വില്ലേജുകളിലായി 30 ലേറെ വീടുകൾ ഭാഗികമായി തകർന്നു. താമരശ്ശേരി ഈർപ്പോണയിൽ ശക്തമായ മഴയിൽ വിരുത്തുള്ളി അബ്ദുള്ള ( ഹോട്ടൽ )കായുടെ വീടിന്റെ സൈഡ് മതിൽ ഇടിഞ്ഞു വീണു .ഏക്കർ കണക്കിന് വാഴത്തോട്ടങ്ങളും കാറ്റിൽ നിലംപൊത്തി. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ വിലങ്ങാട്, തിനൂർ വില്ലേജുകൾക്കായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 10ലേറെ കുടുംബങ്ങൾ നിലവിൽ ക്യാമ്പിലുണ്ട്. ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി കരിമ്പനത്തോട്ടിൽ വെള്ളം കയറിയതോടെ പ്രദേശത്തെ 15 ഓളം വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തിൽ കരിമ്പനപ്പാലത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാത നിർമാണ കമ്പനി സർവീസ് റോഡ് പൊളിച്ച് കരിമ്പനത്തോട്ടിലെ വെള്ളം തുറന്നുവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. അടക്കാതെരു ജങ്ഷനിൽ ഒഴുക്കുചാൽ അടഞ്ഞതോടെ രണ്ട് കടകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചു. മയ്യന്നൂർ, മേമുണ്ട, കീഴൽ മുക്ക്, അക്ലോത്ത് നട, പുത്തൂർ, അറക്കിലാട്, കോട്ടപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.
കക്കയത്ത് വീണ്ടു മണ്ണിടിച്ചിൽ
കക്കയത്ത് വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാത്രി 7.15 ഓടെ 28ാം മൈലിലാണ് മണ്ണിടിച്ചിലുണ്ടായത്. തെങ്ങും മറ്റു മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തലയാട് കക്കയം റോഡിൽ ഗതാഗതം പൂർണമായും നിലച്ചു.
44 ഹെക്ടറിൽ കൃഷിനാശം
കനത്തമഴയിൽ ജില്ലയിൽ 44 ഹെക്ടർ സ്ഥലത്ത് കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടു. 3.37 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 2441 കർഷകരെ കാലവർഷക്കെടുത്തി ബാധിച്ചതായും അധികൃതർ വിലയിരുത്തി.
കനത്തമഴയിൽ കടന്തറ പുഴയുടെ ഭാഗമായ ഓനിപ്പുഴയിൽ വെള്ളം പൊങ്ങി. പുഴക്ക് കുറുകെ പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്തുള്ള പാലം മുങ്ങി. പെരുവണ്ണാമൂഴി ചെമ്പനോട -പൂഴിത്തോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.