കോഴിക്കോട്: കനത്ത മഴ, പെട്ടെന്ന് മുന്നിലെ ട്രാക്കിൽ തീപ്പൊരി, തൊട്ടുപിന്നാലെ വെളിച്ചമില്ലാതായി, ട്രാക്ക് കാണാൻപറ്റാത്ത അവസ്ഥ, വേഗംകുറച്ച് മുന്നോട്ടെടുത്തു, കൺമുന്നിൽ ട്രാക്കിലേക്ക് എന്തോ തള്ളിനിൽക്കുന്നപോലെ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ ഉടൻ ബ്രേക്കിട്ടു’ -തിരുനെൽവേലിയിൽനിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിന്റെ സംസാരത്തിൽനിന്ന് ഭീതിയൊഴിയുന്നില്ല.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്താൻ ലക്ഷ്യമിട്ട് താരതമ്യേന വേഗത്തിൽ വരുന്നതിനിടെ ഫറോക്ക് കഴിഞ്ഞ് അൽപ്പം കഴിഞ്ഞപ്പോഴാണ് സംഭവം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനിൽ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്.
വലിയശബ്ദമാണുണ്ടായത്. സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഞെട്ടിത്തരിച്ചാണ് ട്രെയിനിനടുത്തേക്ക് എത്തിയത്. ട്രെയിൻ വേഗം കുറച്ചതിനാലാണ് പെട്ടെന്ന് ബ്രേക്കിടാനായതെന്ന് നാട്ടുകാർ പറഞ്ഞു. കല്ലായിയിലേക്ക് മൂന്ന് കിലോമീറ്ററിനടുത്തുമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. എന്നാൽ, പെട്ടെന്ന് ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരെല്ലാം ആദ്യം അമ്പരന്നുവെന്ന് തീവണ്ടിയിലുണ്ടായിരുന്ന ടിടിഇ എ.ജെ. ബാബു പറഞ്ഞു. പിന്നീടാണ് സംഭവം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ നിന്നയുടനെ നാട്ടുകാർ അങ്ങോട്ടെത്തിയിരുന്നു. അവരുടെ സഹകരണവും അപകടകരമായ ഘട്ടത്തിൽ യാത്രക്കാർക്ക് സഹായകരമായിമാറിയെന്നും ടിടിഇ പറഞ്ഞു. ട്രാക്കിലേക്ക് മരവും ഷീറ്റും വീണതിനാൽ വലിയ തീപ്പൊരി ഉണ്ടായെന്നും നാട്ടുകാർ പറയുന്നു. പെട്ടെന്ന് ട്രെയിൻ വന്നതോടുകൂടി നാട്ടുകാർ ലോക്കോ പൈലറ്റിന് കാണാൻപറ്റുന്നതരത്തിൽ അറിയിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
ലൈൻ പൊട്ടിയതോടുകൂടിയാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അതോടെ ….ട്രാക്കിലും തീവണ്ടിക്കുള്ളിലും പൂർണമായും ഇരുട്ടാകുകയായിരുന്നു. ട്രെയിൻ അധികനേരം നിർത്തിയിട്ടപ്പോൾ കോഴിക്കോടിറങ്ങേണ്ട പല യാത്രക്കാരും സംഭവസ്ഥലത്തിറങ്ങിയിരുന്നു. എന്നാൽ, പല യാത്രക്കാർക്കും റോഡിലേക്കുള്ള വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇവർക്ക് റോഡിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഒപ്പം ചിലർ വഴികാണിക്കാനായി പോകുകയും ചെയ്തു.
ശക്തമായകാറ്റിൽ ഫറോക്ക്-കല്ലായി സ്റ്റേഷനുകൾക്കുമധ്യേ മീഞ്ചന്ത അരീക്കാട് ആനറോഡിനുസമീപം പാളത്തിലേക്ക് മരങ്ങളും വീടിന്റെ മേൽക്കൂരയിലെ കൂറ്റൻഷീറ്റും വീണ് ട്രെയിൻഗതാഗതം പൂർണമായി തടസ്സപ്പെട്ടു. അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് നിർത്താനായതിനാൽ വൻദുരന്തം ഒഴിവായി. ഇരുപാളങ്ങളിലും തടസ്സമുണ്ടായതിനാൽ മൂന്നുമണിക്കൂറിലേറെ തീവണ്ടികൾ വൈകി.
ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടിന്റെ മേൽക്കൂരയിലെ കൂറ്റൻ അലൂമിനിയം ഷീറ്റ് വൈദ്യുതലൈനിലേക്കുവീണ് തീപ്പൊരിയുയർന്നു. സമീപത്തെ മൂന്നുമരങ്ങളും ട്രാക്കിലേക്കുവീണു. നാട്ടുകാർ സിഗ്നൽകാണിച്ച് വണ്ടിനിർത്തിയതും വൈദ്യുതിവിച്ഛേദിക്കപ്പെട്ടപ്പോൾ ട്രെയിനിന്റെ വേഗം കുറഞ്ഞതുംമൂലമാണ് വൻദുരന്തം ഒഴിവായത്.
ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന് സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും വൈദ്യുതലൈൻ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇൻസ്പെക്‌ഷൻകാരും സ്ഥലത്തെത്തി. രണ്ടാംട്രാക്കിലേക്കുവീണ മരക്കൊമ്പുകൾ മുറിച്ചുനീക്കി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് രാത്രി 10 മണിയോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് കടത്തിവിട്ടു. മേൽക്കൂരവീണ ട്രാക്കിലെ തടസ്സം ചൊവ്വാഴ്ചമാത്രമേ നീക്കാനാവൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു