കോഴിക്കോട് : തീപ്പിടിത്തത്തെ തുടർന്ന് പുതിയസ്റ്റാൻഡിൽ അടച്ചിട്ടിരുന്ന കടകൾ ഒരാഴ്ചയ്ക്കുശേഷം തുറന്നു. രാവിലെ തന്നെ എല്ലാ കടകളും തുറന്നു. ബേക്കറി കടകൾ, പുസ്തകസ്റ്റാളുകൾ, ലോട്ടറിക്കടകൾ, തുണിക്കടകൾ തുടങ്ങി 35-ഓളം കടകളാണ് പുതിയ സ്റ്റാൻഡിലെ തീപ്പിടിത്തത്തിനുശേഷം പൂട്ടേണ്ടി വന്നത്.
കടകളിൽ വൈദ്യുതി ലഭിച്ചിട്ടില്ല. “ഒരാഴ്ച കടകൾ അടച്ചിട്ടതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. വീട്ടിൽ ഇങ്ങനെ വെറുതെ ഇരുന്നാൽ ശരിയാവില്ലല്ലോ. ഒരു മാസം 40,000-ത്തിന് മുകളിലാണ് വാടക. കച്ചവടം പച്ചപിടിച്ചാൽ മതിയായിരുന്നു’’, പുതിയസ്റ്റാൻഡിൽ തുണിക്കട നടത്തുന്ന കച്ചവടക്കാരൻ പറഞ്ഞു.
തീപ്പിടിത്തമുണ്ടായ ഫാർമസി പ്രവർത്തനം തുടങ്ങിയിട്ടില്ല. “എത്ര നഷ്ടമുണ്ടെന്ന് കണക്കാക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഈ മരുന്നുകളൊന്നും ഇനി വിൽപ്പനയ്ക്ക് വെയ്ക്കാൻ കഴിയില്ല. അതുകൊണ്ട് തിരിച്ച് കൊടുക്കുകയാണ്. ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. സീലിങ് പൊട്ടിയതുകൊണ്ട് കടയ്ക്കുള്ളിലും വെള്ളമാണ്. അതൊക്കെ ഒന്ന് വൃത്തിയാക്കണം”. പിആർസി ഫാർമസി ഉടമയായ അനിൽപരമേശ്വരൻ പറഞ്ഞു.
“വൈദ്യുതി കിട്ടാത്തത് വലിയ പ്രശനമാണ്. ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ചില കടകൾ കച്ചവടം ചെയ്യുന്നത്. ഒരു ദിവസം 1000 രൂപയാണ് ജനറേറ്ററിന് വാടക. പല കച്ചവടക്കാർക്കും വില താങ്ങാൻ കഴിയില്ല. വൈദ്യുതി കിട്ടാൻ രണ്ടാഴ്ച കഴിയുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറഞ്ഞിട്ടുള്ളത്”. സമീപത്തെ ലോട്ടറി കച്ചവടക്കാരൻ പറഞ്ഞു.
കത്തിയ കെട്ടിടത്തിന്റെ ഭാഗത്ത് ബസുകൾക്ക് നിർത്തിയിടാൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്ത് കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ നിർത്തിയിടുന്നിടത്തു തന്നെയാണ് നിലവിൽ ബസുകൾ നിർത്തുന്നത്.