കോഴിക്കോട് :വയനാട്ടിലും കോഴിക്കോട്ടും ശക്തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറുകയും ചെയ്‌തു. വയനാട് ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ് ഒലിച്ചുപോയി. 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകിവീണ് ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ പാതയിലുൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കിൽ രണ്ടും വടകര താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിലുള്ളത്. 60 വീടുകൾ ഭാഗികമായി തകർന്നു. മരംവീണും വെള്ളംകയറിയും ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഡാം ഷട്ടർ തുറന്നു. അതോടെ കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം എത്തിത്തുടങ്ങി. പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്ത് വിവിധഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.അതേസമയം മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് മന്ത്രി പറഞ്ഞു. ഇന്നലത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇത് വർദ്ധിക്കും. വിശദമായ നഷ്‌ട കണക്ക് പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു.)