വടകര: ശക്തമായ കാറ്റിൽ വില്യാപ്പള്ളിയിൽ മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയാണ് സംഭവം. വില്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം ആണ് തകർന്നത്. ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള മരം കടപുഴകി വീഴുകയായിരുന്നു.അരയാൽ, ആൽ തുടങ്ങി നാലോളം മരങ്ങളാണ് വീണത്. സംഭവത്തിൽ ക്ഷേത്രം പൂർണമായും തകർന്നു. ഭഗവതി പ്രതിഷഠയായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഇതോടൊപ്പം വിവിധ ഉപദൈവങ്ങളുടെ തറകളും തകർന്നതായി നാട്ടുകാർ പറഞ്ഞു. നാലോളം മരങ്ങൾ പിണഞ്ഞുള്ള വൻമരം കടപുഴകി വീണതിനാൽ ക്ഷേത്രം പൂർണമായും മരങ്ങൾക്കുള്ളിൽ അകപ്പെട്ട നിലയിലാണുള്ളത്.വലിയ ശബ്ദം കേട്ട നാട്ടുകാരാണ് ക്ഷേത്രത്തിന് മുകളിൽ മരം വീഴുന്നത് കണ്ടത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കനത്ത് മഴയും ശക്തമായ ചുഴലിക്കാറ്റും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ മരം മുറിച്ചുമാറ്റുവാൻ അധികൃതർ ആരും എത്തിയിട്ടില്ലെന്നും നാട്ടുാകാം ക്ഷേത കമ്മിറ്റി അധികൃതരും മരം മുറിച്ചുമാറ്റാനുള്ള ചർച്ചകൾ നടത്തുകയാണ്.