മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ-വീഡിയോ ഷെയറിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 17.5 ദശലക്ഷം (1.75 കോടി) ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന വിവരങ്ങൾ പ്രകാരം ഉപയോക്താക്കളുടെ യൂസർനെയിം, ഫുൾ നെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗിക ഫിസിക്കൽ വിലാസങ്ങൾ, ബന്ധപ്പെടാനുള്ള മറ്റ് വിവരങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്.
2026 ജനുവരി ആദ്യവാരമാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർന്നതായി സൈബർ സുരക്ഷാ വിദഗ്‌ധർ കണ്ടെത്തിയത്. സൈബർ കുറ്റവാളികൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് കണ്ടെത്താൻ ഡാർക്ക് വെബ് തുടർച്ചയായി സ്‌കാൻ ചെയ്യുന്ന സേവനമാണ് മാൽവെയർബൈറ്റ്സിന്‍റെ ഡാർക്ക് വെബ് മോണിറ്ററിങ്. ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് സുരക്ഷാ ലംഘനം കണ്ടെത്തിയത്.
ആൾമാറാട്ട തട്ടിപ്പുകൾ, മോഷണങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്കായി സൈബർ കുറ്റവാളികൾ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. അക്കൗണ്ടുകൾ ഏറ്റെടുക്കുന്നതിന് ഇൻസ്റ്റാഗ്രാമിന്‍റെ പാസ്‌വേഡ് റീസെറ്റ് പ്രക്രിയ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. നിരവധി ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവരങ്ങൾ ചോർന്നതിന് പിന്നാലെ ഈ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതായാണ് ഇത് സൂചന നൽകുന്നത്.