വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ പരിക്കാണ് പരമ്പരയിലെ ആദ്യ മത്സരത്തിനു ഇറങ്ങും മുന്‍പ് ഇന്ത്യക്ക് നിരാശയാകുന്നത്. വയറിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. താരം പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ നടത്തിയ എംആര്‍ഐ സ്‌കാനിലാണ് പരിക്ക് സ്ഥിരീകരിച്ചത്. താരത്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.
ഇന്ന്, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം.
വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് എത്തുന്നത്. പരിക്കേറ്റ് പുറത്തായ തിലക് വര്‍മയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. താരത്തിനു ടി20 പരമ്പരയും നഷ്ടപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നു. കിവികള്‍ക്കെതിരായ ടി20 പരമ്പരയില്‍ തിലകിനു പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും.
ഗില്ലും ശ്രേയസ് അയ്യരും ഫോമിലെത്താനുള്ള ശ്രമത്തിലായിരിക്കും. രോഹിത്, കോഹ്‌ലി എന്നിവര്‍ ഫോം നിലനിര്‍ത്താനുള്ള ഒരുക്കത്തിലുമാണ്. ഗില്ലും ശ്രേയസുമില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇരുവരും മടങ്ങിയെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരായാണ് നില്‍ക്കുന്നത്.
ഗില്‍ തിരിച്ചെത്തുന്നതോടെ യശസ്വി ജയ്‌സ്വാളിന് ഓപ്പണര്‍ സ്ഥാനം നഷ്ടമാകും. രോഹിതും ഗില്ലുമായിരിക്കും ഇന്നിങ്‌സ് തുടങ്ങുക. കോഹ്‌ലി മൂന്നാം സ്ഥാനത്തും അയ്യര്‍ നാലാം സ്ഥാനത്തും ബാറ്റിങിനെത്തും. രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരില്‍ രണ്ട് പേര്‍ക്കായിരിക്കും അവസരം. വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ തന്നെയായിരിക്കും.
പേസ് വിഭാഗത്തിലേക്ക് മുഹമ്മദ് സിറാജ് തിരിച്ചെത്തിയിട്ടുണ്ട്. സിറാജ്- അര്‍ഷ്ദീപ് സിങ്- ഹര്‍ഷിത് റാണ സഖ്യമായിരിക്കും പേസ് പട. സെപ്ഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും കളത്തിലെത്തും.
ന്യൂസിലന്‍ഡ് ടീം കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മിച്ചല്‍ ബ്രെയ്സ്വെല്ലാണ് കിവി ടീമിന്റെ ക്യാപ്റ്റന്‍. പരിചയ സമ്പന്നരായ വില്‍ യങ്, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, കെയ്ല്‍ ജാമിസന്‍ എന്നിവര്‍ ടീമിലുണ്ട്. ഇവര്‍ക്കൊപ്പം ഹാരി നിക്കോളാസ്, ജോഷ് ക്ലാര്‍ക്‌സന്‍, സാക് ഫൗള്‍കേഴ്‌സ്, മൈക്കല്‍ റേയ്, ഇന്ത്യന്‍ വംശജനായ ആദിത്യ അശോക് എന്നിവര്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കും.
ഇന്ത്യയില്‍ നേരത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ മികവുള്ള കിവികള്‍ ഇത്തവണ ഏകദിന പരമ്പര നോടാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം ടീം അംഗമായ വില്‍ യങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
വഡോദരയിലെ കൊട്ടാമ്പി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ മൈതാനത്തെ ആദ്യ ഏകദിന പോരാട്ടമെന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്. പിച്ച് ബാറ്റര്‍മാരെ തുണയ്ക്കുന്നതാണ്. മത്സരത്തില്‍ വമ്പന്‍ സ്‌കോറിന് സാധ്യത കാണുന്നു. പേസര്‍മാര്‍ക്ക് മത്സരത്തിന്റെ തുടക്കത്തില്‍ ആനുകൂല്യം കിട്ടാനും സാധ്യതയുണ്ട്.