താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിലെ ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ താമസക്കാരായ മഞ്ജുനാഥ് (21), ഡേവിഡ് (27), സഞ്ജയ് (20) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. അമ്പലമുക്ക് സിയോൺ എക്സിം കോർപ്പ് എന്ന ക്വാറിയുടെ സ്റ്റോറിൽ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന കേബിളാണ് കഴിഞ്ഞ ദിവസം സംഘം മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ വയറിംങ്ങ് കേബിളുകൾ മോഷണം പോവുന്നത് സംബന്ധിച്ച് നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.