തൊടാനാകാത്ത ഉയരങ്ങളിലേക്ക് കുതിച്ച് സ്വർണം. ഞായറാഴ്ച ദിവസത്തെ ആലസ്യത്തിൽ നിന്നുണർന്ന് പൊന്ന് കുതിച്ചത് സർവകാല റെക്കോഡിലേക്ക്. ഒരു പവന് 1240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 1,04,240 രൂപയായി ഉയർന്നു. ഇന്നലെ 1,03,000 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 12,875 യായിരുന്നു ഇന്നലെ. ഇന്നതിൽ 155 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,030 രൂപയാണ് ഒരു ഗ്രാമിന് വില.
കഴിഞ്ഞ ഡിസംബറിൽ തന്നെ സ്വർണം ഒരു ലക്ഷം എന്ന മന്ത്രികസംഖ്യ കടന്നിരുന്നു. എന്നാൽ, ഒരു ലക്ഷത്തിലും ഒതുങ്ങാതെ വില കൂടുതൽ കുതിച്ചുയരുന്നതാണ് പുതുവർഷത്തിലും കണ്ടത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവർ ശ്രമം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
അന്താരാഷ്ട്ര തലത്തിൽ അടുത്തിടെ നടന്ന സംഭവവികാസങ്ങൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഡോളർ- രൂപ വിനിമയ നിരക്ക്, സ്വർണത്തിന്റെ രാജ്യാന്തര വില, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.