കോഴിക്കോട് : അപ്പെൻഡിസൈറ്റിസ്‌ ബാധിച്ച കുട്ടിക്ക്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നൽകിയത്‌ ഗാസ്ട്രബിളിനുള്ള ചികിത്സ. വയറുവേദനയെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ ചികിത്സതേടിയ ചാത്തമംഗലം സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ്‌ ചികിത്സാപ്പിഴവിൽ ഗുരുതരാവസ്ഥയിലായത്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മനസ്സിലാക്കിയ രക്ഷിതാക്കൾ കുട്ടിയെ അടുത്ത ദിവസം സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.

കഴിഞ്ഞ 19നാണ്‌ കുട്ടിയെ അസഹനീയമായ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചത്‌. ഗാസ്ട്രബിൾ ആണെന്ന്‌ പറഞ്ഞ്‌ മരുന്ന്‌ നൽകി. നിരീക്ഷണ മുറിയിൽ കിടത്തി ഏറെ നേരംകഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. ഇക്കാര്യം അറിയിച്ചപ്പോൾ, മരുന്ന്‌ ഫലിക്കാൻ സമയമെടുക്കുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. അപ്പെൻഡിസൈറ്റിസ്‌ ആണോയെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിട്ടും ഡോക്ടർമാർ അംഗീകരിച്ചില്ല. ബന്ധുക്കളുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അൾട്രാസ‍ൗണ്ട്‌ സ്കാനിങ്‌ നടത്താൻ ഡോക്ടർമാർ തയ്യാറായത്. സ്കാനിങ്ങിനുശേഷവും ഗാസ്ട്രബിൾ തന്നെയെന്ന്‌ ഡോക്ടർമാർ പറഞ്ഞു. ജലൂസിനടക്കമുള്ള മരുന്നുകൾ നൽകി ഇവരെ ആശുപത്രിയിൽനിന്ന്‌ മടക്കി.

വേദനകൊണ്ട്‌ പുളഞ്ഞ കുട്ടിയെ പിറ്റേന്ന്‌ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക്‌ അപ്പെൻഡിസൈറ്റിസ്‌ ആണെന്ന്‌ സ്ഥിരീകരിച്ചു. അതിഗുരുതരമായി അണുബാധയേറ്റെന്നും വ്യക്തമായി. കുടലുകൾ തമ്മിൽ ഒട്ടുകയും കരളടക്കം ആന്തരിക ഭാഗങ്ങളിൽ അണുബാധയേറ്റിരുന്നതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. രക്തം ഒഴിവാക്കാൻ വയർ തുളച്ച് ട്യൂബ് ഇട്ടിട്ടുണ്ടെങ്കിലും പരക്കെ അണുബാധയുള്ളതിനാൽ ഇത് വേണ്ടത്ര പ്രായോഗികമാകാത്ത സ്ഥിതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ കലക്ടർക്കും ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ്‌ പൊലീസിലും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിലും സമാനമായി മരുന്ന് മാറി നൽകി അമ്മയും കുഞ്ഞും ​ഗുരുതരാവസ്ഥയിലായിരുന്നു. ചെമ്മനത്തുകര കൊച്ചുകാട്ടിത്തറ സനീഷിന്റെ ഭാര്യ ഷൈനിമോളും കുഞ്ഞുമാണ്‌ അധികൃതരുടെ അനാസ്ഥയ്‌ക്ക്‌ ഇരയായത്‌. ഷൈനിമോളെ മെയ് പകുതിയോടെയാണ്‌ പ്രസവത്തിനായി ആശുപത്രിയിലാക്കിയത്. പ്രസവശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോൾ ഡോക്ടർ നൽകിയ കുറിപ്പടിയിൽ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്നുകൾ വാങ്ങി. അയൺ ഗുളികക്ക്‌ പകരം പ്രമേഹത്തിന്റെ ഗുളികയാണ് ഫാർമസിയിൽനിന്ന് നൽകിയത്‌. വീട്ടിലെത്തിയ ശേഷം നിരവധി ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ആലപ്പുഴയിലെ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവിരം തിരിച്ചറിഞ്ഞത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന്‌ വീണ്ടും അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാക്കി.