ബത്തേരി: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി വയനാട് പോലീസ്
നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റിൽ 52.977 ഗ്രാം എം.ഡി.എം.എയുമായി രണ്ട് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. മാനാഞ്ചിറ സ്വദേശി കെ.കെ. ഷാരുഖ് അസിം (33), ബേപ്പൂർ സ്വദേശി ഷെയ്ഖ് ഇർഷാദ് ഹുസൈൻ (35) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി കർണാടകയിൽ നിന്നും വരികയായിരുന്ന കാറിലാണ് ഇവർ ലഹരി കടത്തിയത്. കാറിന്റെ പിൻസീറ്റിൽ ബാഗിനുള്ളിൽ സിപ്പ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ കെ. ശ്രീതു, സനൽ, എ.എസ്.ഐ ശ്യാം ലാൽ, എസ്.സി.പി.ഒ പ്രസാദ്, സി.പി.ഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.