കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്ക്‌കറിന് ജാമ്യമില്ല. ജിതിൻ്റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദസന്ദേശത്തിന്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു.

ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.

സ്ക്രീൻഷോട്ട് നിർമാണവുമായി ബന്ധപ്പെട്ട് വടകര കേന്ദ്രീകരിച്ചുള്ള കൂടുതൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം എത്തിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്താനും അന്വേഷണത്തിന്റെ ദിശ മാറ്റാനുമാണ് പാർട്ടി നേരിട്ട് പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ജിതിൻ ഭാസ്കകറിലൂടെ യഥാർഥ ഉറവിടം കണ്ടെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അന്വേഷണ സംഘം.