മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം 5.15ന് ഓഫീസിൽനിന്ന് വളാഞ്ചേരിയിൽ ഒരു പരിശോധനയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ചാലിബ്. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചാലിബിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെ ചാലിബ് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഒരു ബസ്റ്റാൻഡിലാണെന്നും ഉടനെ വീട്ടിൽ മടങ്ങിയെത്താമെന്നും പറഞ്ഞെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതേ തുടർന്ന് പോലീസ് അന്വേഷണം തുടരവേയാണ് ഇന്നലെ രാത്രി വീട്ടിലെത്തിയത്.