മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന് മാനന്തവാടി സബ് ആര്‍ ടി ഓഫീസിലെ എംവിഐ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത് പ്രകാരം വാഹനത്തിന്റെ ഡ്രൈവര്‍ ആയ ദേവസ്യയെ നേരില്‍ കേട്ടതില്‍ തെറ്റ് സമ്മതിക്കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പ്രസ്തുത പരാതി സത്യമാണെന്നും, പ്രവൃത്തി പെര്‍മിറ്റ് നിബന്ധനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബോധ്യപ്പെട്ടതിനാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് 07/11/2024 മുതല്‍ 15 ദിവസത്തേക്ക് 22/11/2024വരെ സസ്‌പെന്‍ഡ് ചെയ്തതായി മാനന്തവാടി ജോയന്റ്ആര്‍.ടി.ഓ പി.ആര്‍ മനു അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ധേഹം വ്യക്തമാക്കി.