കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് അപകടം. അപകടത്തിൽ സിനിമ കാണാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു.കണ്ണൂർ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടർ ടാങ്കാണ് തകർന്നത്. വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു. വാട്ടർ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി.
വാട്ടർ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവർക്ക് പരിക്കേറ്റത്.സംഭവത്തെ തുടർന്ന് സിനിമ പ്രദർശനം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നായാട്ടുപാറ സ്വദേശി വിജിലാണ് പരിക്കേറ്റവരിൽ ഒരാൾ.
ലക്കി ഭാസ്കർ സിനിമയുടെ ഇന്റർവെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവർ പറഞ്ഞു. ടാങ്കും സീലിങും സിമന്റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാൾക്ക് ഉൾപ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവർ പറഞ്ഞു