വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും മോക് പോളിംഗ് തുടങ്ങി. 7 മണിക്ക് തന്നെ പോളിംഗ് ആരംഭിക്കും. ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍സിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും.ചേലക്കരയില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്. മണ്ഡലത്തില്‍ പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും.
വയനാട്ടിലും ചേലക്കരയിലും ഡ്രൈ ഡേ നിലവില്‍ വന്നു. 13 ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഡ്രൈ ഡേ ആയിരിക്കും. ഈ സമയത്ത് മണ്ഡലത്തിലെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ക്ലബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും ഈ ദിനങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.
പോളിങ് ബൂത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എന്‍പിആര്‍ സ്‌കീമിന് കീഴില്‍ ആര്‍ജിഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എംപി/എംഎല്‍എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ കൈയിലുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയും.