മാനന്തവാടി: ദ്വാരക കുറ്റിയാട്ടുകുന്നില്‍ ഉപയോഗ ശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും, മാധവിയുടേയും മകന് രാജേഷ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം. തുടര്‍ന്ന് മാനന്തവാടി അഗ്നി രക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. കെല്ലൂരില്‍ ഇന്‍ഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും, ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.