കോഴിക്കോട്∙ ജില്ലയിൽ കുറയാതെ മഞ്ഞപ്പിത്ത രോഗബാധ. സെപ്റ്റംബർ മുതൽ കുത്തനെ ഉയർന്ന രോഗബാധ ഇപ്പോഴും കുറഞ്ഞിട്ടില്ല. ഈ മാസത്തെ ആദ്യ ആഴ്ചയിൽ മാത്രം 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടാവുകയും ലാബ് പരിശോധന നടത്താത്തതുമായ രോഗികൾ ഇതിന്റെ നാലിരട്ടി വരും. ജില്ലയിൽ കോർപറേഷനിലും ഒട്ടുമിക്ക പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാംപിളുകൾ പരിശോധിക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും രോഗം നിയന്ത്രിക്കാനാകുന്നില്ല. വൈറസ് ബാധയുണ്ടായ രോഗിക്കു ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു രണ്ടാഴ്ച മുൻപു തന്നെ ഇയാൾ രോഗം പടർത്തിയിട്ടുണ്ടാകുമെന്നതാണു പ്രധാന വെല്ലുവിളി.
രോഗബാധയുണ്ടായവർക്കു നേരത്തെ ചെറിയ ചികിത്സ കൊണ്ടു ഭേദമാകുമായിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമാണെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലതരം സങ്കീർണതകൾ മൂലം രോഗബാധിതരിൽ പലരും മരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണ്. ആഘോഷങ്ങളിലും ചടങ്ങുകളിലും വിതരണം ചെയ്യുന്ന വെൽകം ഡ്രിങ്കുകൾ അതീവ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുചിത്വമില്ലാത്ത വെള്ളത്തിലുണ്ടാക്കിയ ഐസ് മഞ്ഞപ്പിത്തത്തിനു കാരണമാകും. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പെരുകാൻ കാരണമാണ്.
ഹെപ്പറ്റൈറ്റിസ് എ പടരുന്നു; മരണകാരണമാകുന്നെന്ന് ഡോക്ടർമാർ
ഇന്നലെ അത്യാഹിത വിഭാഗത്തിൽ 25 വയസ്സായ ചെറുപ്പക്കാരൻ. നാലഞ്ചു ദിവസത്തെ പനിയും ഛർദിയും തുടർന്ന് ശക്തമായ ക്ഷീണവും. കഴിഞ്ഞ ദിവസം മുതൽ പെരുമാറ്റത്തിൽ വ്യത്യാസം. അത്യാഹിത വിഭാഗത്തിൽ ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. കരളിന്റെ പ്രവർത്തനം പൂർണമായും പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമത്തെയോ അല്ല. നിരവധി പേർ ഇതിനോടകം ഹെപ്പറ്റൈറ്റിസ് എയ്ക്കു കീഴടങ്ങി. മിക്കവാറും ചെറുപ്പക്കാർ, നേരത്തേ ഒരു രോഗവും ഇല്ലാത്തവർ.
എന്നാൽ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാൻ കഴിയുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപ്പറ്റൈറ്റിസ് എയെ തുടർന്ന് അഡ്മിറ്റ് ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തു നിന്ന് റഫർ ചെയ്തു വരുന്നവരും സങ്കീർണതകൾ ഉള്ളവരും ആകണമല്ലോ. അപ്പോൾ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ. രോഗികളിൽ പല തരം സങ്കീർണതകൾ, മരണം വരെ.... ചികിത്സിക്കുമ്പോൾ ഭയമാണിപ്പോൾ. നിത്യേന പുതിയ രോഗികൾ വരുന്നു എന്നത് ഒട്ടും ആശാവഹം അല്ല. ഹെപ്പറ്റൈറ്റിസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ല എന്നർഥം. ഇപ്പോഴും നമ്മൾ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നാണ് അർഥം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചു കൂടാ. നമുക്ക് തടയാവുന്ന രോഗമാണ്.(കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ അസി.പ്രഫസർ ഡോ.വി.െക. ഷമീർ സമൂഹമാധ്യമത്തിൽ കുറിച്ചത്)
വെള്ളം കുടിക്കുമ്പോൾ ജാഗ്രത വേണം
∙ മലിനജലത്തിൽ നിന്നാണു മഞ്ഞപ്പിത്തം പടരുന്നത് എന്നതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീട്ടിൽ പോലും തിളപ്പിച്ചാറിയ വെള്ളമോ വാട്ടർ പ്യൂരിഫയറിൽ നിന്നുള്ള വെള്ളമോ ഉപയോഗിക്കുക.
∙ ജ്യൂസ് കടകളിൽ തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക.
∙ ഹോട്ടലുകളിൽ വെള്ളം നൽകുമ്പോൾ പകുതി തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാതിരിക്കുക.
∙കുപ്പി വെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക. വിശ്വസിക്കാവുന്ന ബ്രാൻഡാണെന്നും സീൽ പൊട്ടിക്കാത്ത കുപ്പിയാണെന്നും ഉറപ്പാക്കുക.
∙ എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറമേ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നവർ മഞ്ഞപ്പിത്തതിന് എതിരെയുള്ള വാക്സീൻ എടുക്കുക