മലപ്പുറം: സ്വകാര്യ ഓപറേറ്റർമാർ വഴി ഹജ്ജിനു പോകാൻ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സൗദിയുടെ ഹജ്ജ് പോർട്ടൽ അടക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീർഥാടകരുടെ യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ യഥാസമയം അറിയിച്ചില്ലെന്നാണ് ഓപറേറ്റർമാർ പറയുന്നത്. എന്നാൽ, പ്രതിസന്ധിക്ക് കാരണം ഓപറേറ്റർമാരുടെ വീഴ്ചയാണെന്ന് സർക്കാർ പറയുന്നു.
ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങി. യാത്ര വെട്ടിച്ചുരുക്കിയതിനാലാണോ ഈ വിഷയം ചർച്ച ചെയ്യാതെ പോയതെന്ന് വ്യക്തമല്ല. അതേസമയം, പതിനായിരം പേർക്കുകൂടി ഹജ്ജിന് അവസരം നൽകുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരം ഹജ്ജ് പോർട്ടൽ (നുസുഖ്) വ്യാഴാഴ്ച വൈകുന്നേരം മുതൽ തുറന്നെങ്കിലും അപ് ലോഡിങ് നടക്കുന്നില്ലെന്ന് ഹജ്ജ് ഓപറേറ്റർമാർ പറയുന്നു. മേയ് അഞ്ച് കഴിഞ്ഞാൽ ഈ പോർട്ടൽ അടക്കും. ഈ ക്വോട്ടയിൽ 500ൽ താഴെ ഹാജിമാർക്കേ കേരളത്തിൽ നിന്ന് അവസരം ലഭിക്കൂ.
കേരളത്തിൽനിന്നു മാത്രം 11,000ത്തോളം പേർ സ്വകാര്യ ഗ്രൂപ് വഴി പോകാൻ ഒരുങ്ങിയിരുന്നു. കേരളത്തിലെ അംഗീകൃത ഏജൻസികൾ കൂടാതെ ഇതര സംസ്ഥാനങ്ങളിലെ ഏജൻസികൾ വഴിയാണ് ഇത്രയും പേർ യാത്രക്ക് ഒരുങ്ങിയത്. ആറു ലക്ഷം രൂപ വരെയാണ് സ്വകാര്യ ഏജൻസികൾ നിരക്ക് നിശ്ചയിച്ചത്. പലരും ആദ്യഗഡുവോ മുഴുവൻ തുകയോ അടച്ചവരാണ്. തീർഥാടകരിൽനിന്ന് വാങ്ങിയ അഡ്വാൻസ് തുക കേന്ദ്രസർക്കാറിലേക്ക് അടച്ചതാണെന്ന് ഏജൻസികൾ പറയുന്നു.
കേരളത്തിൽ സർക്കാർ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകാനൊരുങ്ങിയവരിൽ പലരും കൂടുതൽ സൗകര്യങ്ങൾ പ്രതീക്ഷിച്ച് സ്വകാര്യ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. ഇതിനിടെ സ്വകാര്യഗ്രൂപ്പുകൾ നിരക്ക് കുറച്ച് ഹാജിമാരെ ആകർഷിക്കുകയും ചെയ്തു. ഇങ്ങനെ മാറിയവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഹാജിമാരുടെ യാത്രാനടപടി സംബന്ധിച്ച് പുതിയ അറിയിപ്പുകളൊന്നും സ്വകാര്യ ഓപറേറ്റർമാർക്ക് ലഭിച്ചിട്ടില്ല. ഇന്ത്യ-സൗദി കരാർ പ്രകാരം 1,75,000 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 30 ശതമാനം സ്വകാര്യഗ്രൂപ്പുകൾക്ക് അനുവദിച്ചതാണ്. ഇതുപ്രകാരമാണ് 52,500 പേർ സ്വകാര്യഗ്രൂപ് വഴി ഹജ്ജിന് പുറപ്പെടുന്നത്. ഈ ക്വോട്ടയാണ് റദ്ദായത്.