എകരൂൽ : ഉണ്ണികുളം, നന്മണ്ട ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലവും റോഡും തകർന്നിട്ട് വർഷങ്ങളായെങ്കിലും യാത്രാപ്രാധാന്യമേറിയ ഈ റോഡിനെയും പാലത്തെയും അധികൃതർ അവഗണിക്കുന്നതിൽ പ്രദേശവാസികളിൽ പ്രതിഷേധമുയർത്തുന്നു.
65 വർഷത്തോളം പഴക്കമുള്ള റോഡും 42 വർഷങ്ങൾക്കുമുൻപ് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിൽ അതിർത്തിഭാഗത്ത് നിർമിച്ച പാലവും നിലവിൽ യാത്രായോഗ്യമല്ലാതായിരിക്കയാണ്.
ആദ്യകാലങ്ങളിൽത്തന്നെ ഒട്ടേറെ വാഹനങ്ങൾ ഓടിയിരുന്ന ഇതിലൂടെ ഒരു സ്വകാര്യബസും ഏതാനും വാഹനങ്ങളും മാത്രമാണ് ഇപ്പോൾ പോകുന്നത്. ബസ് ഓട്ടംനിർത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനം.
ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ 19, 20 വാർഡുകളിലൂടെയും നന്മണ്ട ഗ്രാമപ്പഞ്ചായത്തിലെ പത്താംവാർഡിലൂടെയും കടുന്നുപോകുന്ന കിലോമീറ്ററോളം വരുന്ന ഈ റോഡ് ഇയ്യാട് അങ്ങാടിയിൽനിന്ന് നന്മണ്ട ഭാഗത്തേക്കുള്ള എളുപ്പവഴിയാണ്.
ഇയ്യാട് ഓണിയിൽത്താഴം പാലമാണ് വലിയ അപകടാവസ്ഥയിലായത്. പാലത്തിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞ് കമ്പിയും കല്ലുകളും പുറത്തായിട്ടുണ്ട്. പാലത്തിന്റെ അടിയിലുള്ള കമ്പികൾ തുരുമ്പിച്ചനിലയിലാണ്. പാലത്തിന്മേലുള്ള കൈവരിയും ഇരുവശങ്ങളിലും തകർന്നുകിടപ്പാണ്.