കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് ബീച്ച് റോഡിൽ ഇരുപതുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടം വരുത്തിയ വാഹനം കണ്ടെത്തിയത് പൊലീസ് നടത്തി പഴുതടച്ച അന്വേഷണത്തിലൂടെ. മരിച്ച ആൽവിനെ ഇടിച്ചത് ഡിഫന്റർ കാറാണെന്നായിരുന്നു ആദ്യം പൊലീസിൽ നൽകിയ വിവരം. ഇത് പ്രകാരം എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. എന്നാൽ സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും ആൽവിൻ മൈബൈലിൽ പകർത്തിയ ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് ആൽവിനെ ഇടിച്ചത് സ്ഥലത്തുണ്ടായിരുന്ന ബെൻസ് കാറാണെന്നും ഡിഫന്റർ കാറിന് രജിസ്‌ട്രേഷൻ നമ്പർ കിട്ടിയിട്ടും വാഹനത്തിൽ പതിക്കാതെയാണ് യാത്ര നടത്തിയതെന്നും കണ്ടെത്തിയത്. ഇടിച്ച ബെൻസ് കാറിന് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ അപകടത്തിൽപ്പെട്ടാൽ ആർ.സി ഓണർ ഇൻഷ്വറൻസ് തുക നൽകേണ്ടിവരും. ഇതിനാലാണ് ഇൻഷ്വറൻസ് പരിരക്ഷയുള്ള ഡിഫന്റർ വാഹമിടിച്ചാണ് ആൽവിൻ മരിച്ചതെന്ന് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ വടകര കടമേരി സ്വദേശിയായ ആൽവിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്