വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിട നൽകാൻ ഒരുങ്ങി ലോകം. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. പോപ്പിന് ആദരാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറിലേക്കു എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30 വരെയാണ് പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദർശനം. ഓരോ മണിക്കൂറിലും ആയിരങ്ങളാണ് മാർപ്പാപ്പയെ അവസാന നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി റോഷി അഗസ്റ്റിനും അന്ത്യോപചാരം അർപ്പിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഇന്ന് രാത്രി അടയ്ക്കും. സംസ്‌കാര ചടങ്ങിനുള്ള ഒരുക്കമായി രാത്രി പതിനൊന്നോടെ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലായിരിക്കും പെട്ടി അടയ്ക്കുക. ചടങ്ങുകളുടെ ക്രമമായ 'ഓര്‍ഡോ എക്‌സെക്വിയാറം റൊമാനി പൊന്തിഫിസിസ്' പ്രകാരമുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ഈ സ്വകാര്യ ചടങ്ങ് നടക്കുക. നാളെ സെന്റ് മേരി മേജർ ബസലിക്കയിലാണ് ഖബറടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയിൽ ലോകനേതാക്കൾ പങ്കെടുക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ തുടങ്ങി അൻപതിലേറെ രാഷ്ട്രതലവൻമാരും സംസ്കാരചടങ്ങിൽ സംബന്ധിക്കും. മാർപ്പാപ്പയുടെ സംസ്കാരം പ്രമാണിച്ച് നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.