ഇന്ന് തിരുവോണം — “മാനുഷരെല്ലാം ഒന്നുപോലെ” എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശം പകരുന്ന സമത്വത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷദിനം. സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായി എത്തുന്ന പൊന്നോണം മലയാളിക്ക് ഒത്തുചേരലിന്റെയും പഴയകാല ഓർമകളുടെയും ദിനം കൂടിയാണ്.
കള്ളവും ചതിയും ഇല്ലാത്ത, നന്മയും സമത്വവും നിറഞ്ഞ ഒരു സുവർണകാലത്തിന്റെ ഓർമ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും തിരുവോണത്തെ വരവേൽക്കുന്നത്.
പുതുവസ്ത്രങ്ങൾ അണിഞ്ഞും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നും ഓണസദ്യയൊരുക്കിയും ഊഞ്ഞാലാടിയും മലയാളികൾ തിരുവോണത്തിന്റെ സന്തോഷം പങ്കിടുന്നു. പാടത്തും പറമ്പിലും അധ്വാനിച്ച് വിളവൊരുക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.
കൃഷിയും കാർഷികസമൃദ്ധിയും പഴയകാലത്തിന്റെ ഓർമയായി മാറിയെങ്കിലും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് ഇന്നും അതേ ആവേശവും പൊലിമയും നിലനിൽക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ മനസ്സിൽ ഓണം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്. അത്തം നാളിൽ ആരംഭിച്ച ഒരുക്കങ്ങൾ തിരുവോണദിനത്തിൽ പൂർണതയിലെത്തുന്നു. പൂക്കളങ്ങളും പൂവിളികളും ഓണപ്പാട്ടുകളും ആഘോഷങ്ങളും ചേർന്ന് നാടെങ്ങും ഉത്സവാന്തരീക്ഷം നിറയുന്നു.
കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം കൂടുതൽ മഹത്വം നൽകുന്നു. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമയാണ് മാവേലിക്കാലം.
നാടിന്റെ നന്മയ്ക്കായി ജീവിച്ച ഒരു ഭരണാധികാരിയോടുള്ള സ്നേഹവും ആദരവും തലമുറകളായി കാത്തുസൂക്ഷിക്കുന്ന അപൂർവമായ ആഘോഷമാണ് ഓണം.
“ഉണ്ടറിയണം ഓണം” എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന ഓണസദ്യയ്ക്ക് പിന്നാലെ കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും വടംവലിയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറം പകരുന്നു.
മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം മുന്നോട്ടുവയ്ക്കുന്നത്.