കൊയിലാണ്ടി: ബസ്സിൽ രാത്രി യാത്ര ചെയ്ത യുവതിയെ അവർ ടിക്കറ്റ് എടുത്ത സ്റ്റോപ്പിൽ ഇറക്കാതെ ദേശീയപാതയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. യുവതിയെ ഇറക്കി വിട്ട കോഴിക്കോട് കമ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൃതിക ബസ് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാട്ടുകാർ ബസ് തടഞ്ഞത്.
ഇന്നലെ ബസ് കൃത്യമായി സർവ്വീസ് റോഡിലൂടെ തന്നെയാണ് രാത്രി എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി യുവതിയെ ദേശീയപാതയിൽ ഇറക്കിവിട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പയ്യോളി പോലിസും സ്ഥലത്തെത്തി. ടിക്കറ്റെടുത്തവരെ കൃത്യമായി അവരുടെ സ്റ്റോപ്പിൽ ഇറക്കണമെന്നും ദേശീയപാതയിലൂടെ സർവ്വീസ് നടത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നത് ആവർത്തിക്കരുതെന്നും ജീവനക്കാർക്ക് പോലിസ് മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് ടിക്കറ്റ് എടുത്ത യുവതിയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ സ്വകാര്യ ബസ് ജീവനക്കാർ ദേശീയപാതയിൽ ഇറക്കിവിട്ടത്. രാത്രി സമയമായതിനാൽ ദേശീയപാതയിൽ നിന്ന് താഴെയുള്ള ഭാഗത്തേക്ക് സുരക്ഷിതമായി ഇറങ്ങാൻ യുവതിക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് യുവതിയെ നാട്ടുകാർ കോണി ഉപയോഗിച്ച് സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.
ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ സർവീസ് റോഡിലേക്ക് പോകാൻ കഴിയാത്തതിനാലാണ് ദേശീയപാതയിൽ ഇറക്കിയതെന്നാണ് ബസ് ജീവനക്കാരുടെ വാദം. തിക്കോടിയിലേക്കുള്ള ടിക്കറ്റ് നൽകിയ സമയത്തോ യാത്ര ആരംഭിച്ചപ്പോഴോ ബസ് സർവീസ് റോഡിലൂടെ പോകില്ലെന്ന് ജീവനക്കാർ അറിയിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.