സലാല: സലാലയിലെ ആദ്യ എയർലൈൻ ബേസ് പ്രഖ്യാപിച്ച് ഒമാനിലെ ലോ കോസ്റ്റ് വിമാനക്കമ്പനിയായ സലാം എയർ. സലാല ആസ്ഥാനമായുള്ള പ്രവർത്തനം തുടങ്ങവേ മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സേവനം കമ്പനി നൽകും. കോഴിക്കോട്, സൗദി അറേബ്യയിലെ ജിദ്ദ, ബംഗ്ലാദേശിലെ ചാറ്റോഗ്രാം എന്നിവിടങ്ങളിലേക്കാണ് സർവീസ്. ആഗസ്റ്റ് 26 മുതൽ ബുക്കിങ് ആരംഭിക്കും. സലാം എയറിന്റെ 2026 വിന്റർ ഷെഡ്യൂളിൻ്റെ ഭാഗമായി ഒക്ടോബർ അവസാനം മുതലാണ് സർവീസ് ആരംഭിക്കുക.

എയർലൈനിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാണ് സലാലയിൽ എയർലൈൻ ബേസ് പ്രഖ്യാപിച്ചത്. ദോഫാർ ഗവർണറേറ്റിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കുന്നതാണ് തീരുമാനം.

2026 ഖരീഫ് സീസണിൽ സലാലയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സലാം എയറിനെയാണ് പലരും ആശ്രയിച്ചിരുന്നത്.

സീസണിലെ വിജയകരമായ

പ്രവർത്തനത്തിന് ശേഷമാണ് ബേസ് സ്ഥാപിക്കുന്നത്.

യാത്രക്കാർ വർധിച്ചതോടെ മസ്കത്ത്-സലാല റൂട്ടിൽ എയർലൈൻ ശേഷി വർധിപ്പിച്ചിരുന്നു.

പീക്ക് കാലയളവിൽ ദിവസേന 15 വിമാനങ്ങൾ വരെ സർവീസ് നടത്തി, ആയിരക്കണക്കിന് അധിക സീറ്റുകൾ ഒരുക്കിയിരുന്നു.