തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ 172–ാം ജയന്തി വാർഷികം ഇന്ന്. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലെ മഹാസമാധിയിലും ആഘോഷങ്ങൾ നടക്കും.
ചെമ്പഴന്തി ഗുരുകുലത്തിൽ ഇന്നു രാവിലെ സമൂഹ പ്രാർഥന. 10ന് ദാർശനിക സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. മേയർ വി.വി.രാജേഷ് അധ്യക്ഷത വഹിക്കും. 11.30 മുതൽ ചതയദിന സദ്യ. 1 മുതൽ പ്രഭാഷണം. 3ന് ഗുരുകുലത്തിൽ ഘോഷയാത്ര ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30നു ജയന്തി സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ പ്രഭാഷണം നടത്തും.
ശിവഗിരിയിൽ രാവിലെ 7ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. ജപയജ്ഞം ദീപപ്രകാശനം സ്വാമി അവ്യാനന്ദ നിർവഹിക്കും. 9.30ന് ജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. 11.30ന് ‘ ശ്രീനാരായണ ധർമം ’ ചർച്ച മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ ചതയദീപം തെളിക്കും. 5 മണിക്ക് ശിവഗിരിയിൽ നിന്ന് പുറപ്പെടുന്ന ജയന്തി ഘോഷയാത്ര രാത്രി 10ന് മഹാസമാധിയിൽ തിരിച്ചെത്തും. ജയന്തി മുതൽ മഹാസമാധി ദിനം വരെ മഹാഗുരുപൂജ, ശാന്തിഹവനം, ശാരദാപൂജ, അഖണ്ഡനാമജപ യജ്ഞം എന്നിവയും ഉണ്ടായിരിക്കും.