കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന 'സെനോ' ബസ് മൂന്നംഗ സംഘം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികൾ, പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യാത്രാമധ്യേ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ ചെളിയിൽ താഴുകയുമായിരുന്നു.