മാനന്തവാടി: മാനന്തവാടി കൊയിലേരിക്ക് സമീപം രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഇരു വാഹനങ്ങളിലുമുള്ള ആർക്കും കാര്യമായ പരിക്കുകളില്ല.
മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ
കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശി സഞ്ചരിച്ചിരുന്ന കാറുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗിയെ സുരക്ഷിതമായി തിരികെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി. തുടർന്ന് രോഗിയെ കോഴിക്കോട്ടേക്ക് മാറ്റുന്നതിനായി മറ്റൊരു ഐ.സി.യു (ICU) ആംബുലൻസ് അടിയന്തരമായി
ക്രമീകരിച്ചിട്ടുണ്ട്. കൊയിലേരിയിൽ വെച്ചുണ്ടായ അപകടത്തിൽ ആർക്കും
പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി.