എറണാകുളം: കൂത്താട്ടുകുളം കാക്കൂറിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടികളടക്കം നാല്പതോളം പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. അറുപതോളം യാത്രക്കാരുമായി കാലടിയിൽ നിന്നും ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇരുചക്ര വാഹന യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാണ്. ഇൻഡിക്കേറ്റർ നൽകാതെയും പിന്നിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെയും പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചു മാറ്റുകയായിരുന്നു. സാമാന്യം വേഗതയിലായിരുന്ന ബസ് ഇതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിന്റെ ബോർഡിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് സ്‌ട്ടർ യാത്രികൻ രക്ഷപ്പെട്ടത്.

അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലുണ്ടായ അപകടമായതിനാൽ പ്രദേശത്തെ ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചു.