നെടുമ്പാശ്ശേരി: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ നാട്ടിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളംവഴി എത്തിയത്. ജീവനോടെ തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു.
കുടുംബസുഹൃത്ത് വഴി കഴിഞ്ഞ വർഷം ഏപ്രിലിലാണ് റഷ്യക്ക് പോയത്. ബിനിൽ എന്നയാളും കൂടെയുണ്ടായിരുന്നു. ഇലക്ട്രീഷ്യൻ ജോലിയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, പിന്നീട് മാത്രമാണ് കൂലിപ്പട്ടാളമായി പ്രവർത്തിക്കാനാണ് കൊണ്ടുവന്നതെന്ന് അറിയുന്നത്. പട്ടാളത്തിലെത്തിയശേഷം പത്തുദിവസം പ്രത്യേക പരിശീലനം ലഭിച്ചു. പിന്നീട് യുക്രെയ്ൻ അതിർത്തിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു. മോസ്കോ ആശുപത്രിയിൽ കഴിയുമ്പോഴാണ് വിഡിയോയിലൂടെ തന്റെ അവസ്ഥ നാട്ടിലുള്ളവരെ അറിയിച്ചത്.
പിന്നീട് മലയാളി അസോസിയേഷൻ ഇടപെട്ടാണ് നാട്ടിലെത്താൻ സഹായിച്ചത്. ബിനിൽ തന്‍റെ കൺമുന്നിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം സംസ്കരിച്ചോ എന്നറിയില്ലെന്നും ജെയിൻ പറഞ്ഞു