കണ്ണൂർ: സ്വന്തം അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കണ്ണൂർ ചെറുപുഴ പെരിങ്ങാലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയാണ് അക്രമം നടന്നത്. രാഘവനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം സനൽ സ്വയം കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സനലിന് കഴിഞ്ഞ കുറച്ച് കാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സനലിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകന്റെ ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും പരിക്കേറ്റ രാഘവനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചെറുപുഴ പൊലിസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.