ബലാത്സംഗത്തെ അതിജീവിച്ചവർക്ക് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിലെ നിയമപ്രകാരം അനുവദനീയമായ 20 ആഴ്ചകൾക്ക് ശേഷവും ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിൽ ഭേദഗതികൾ ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തെത്തുടർന്നുള്ള അനാവശ്യ ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് ക്രൂരതയാണ്. ഇത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക ആഘാതത്തിന് കാരണമാവുകയും ചെയ്യും.

"അവൾ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടിയാണെന്ന് സങ്കൽപ്പിക്കുക. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആ കുട്ടി അനുഭവിക്കുന്ന വേദനയും അപമാനവും നമ്മൾ കാണാതിരുന്നുകൂടാ," എന്ന് കോടതി നിരീക്ഷിച്ചു. 

ഗർഭം 30 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഭ്രൂണം പുറത്തെടുക്കുന്നത് പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് (AIIMS) കോടതിയെ അറിയിച്ചു. എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ദത്തെടുക്കൽ പോലുള്ള മാർഗങ്ങൾ പരിഗണിക്കാമെന്നും നിർദ്ദേശിച്ചു.

എന്നാൽ, അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകില്ലെങ്കിൽ ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്ക്കും മാതാപിതാക്കൾക്കും വിട്ടുകൊടുക്കണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യവിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുടുംബത്തെ കൗൺസിലിങ്ങിന് വിധേയമാക്കാൻ എയിംസിനോട് കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗ അതിജീവിതരുടെ കാര്യത്തിൽ കൂടുതൽ മാനുഷികമായ നിയമസംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. നിലവിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.