ആലപ്പുഴ: നൂറനാടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് കൊല്ലപ്പെട്ടു. നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് മരിച്ചത്.
ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
പ്രണയവിവാഹിതരായ ജോജിയും അർച്ചനയും കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ എത്തിയപ്പോഴാണ് ജയകുമാരിക്ക് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ജയകുമാരിയുടെ ഭർത്താവ് ജോലിക്കായി പുറത്തുപോയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.