കൊയിലാണ്ടി: കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അഭിഷേക് (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെ ബസ് സ്റ്റാന്റിന് സമീപത്തുള്ള ബി.എസ്.എം കോംപ്ലക്സിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാതാപിതാക്കളോടൊപ്പം അഭിഷേകും കുടുംബവും ഇവിടെയാണ് താമസം. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
ബി.എസ്.എം കോംപ്ലക്സിന് സമീപത്തുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.