തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. മൊബൈൽ ഫോൺ ഉപയോഗം, മുടിയുടെ ക്രമീകരണം, യൂണിഫോം, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം, ബാഗ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ടാണ് നിർദേശങ്ങൾ.

*പ്രധാന നിർദേശങ്ങൾ ഇങ്ങനെ:*

*1. ഫോൺ ഉപയോഗം:* സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കാണണം. സ്കൂൾ സമയം അവസാനിക്കുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം.

*2. ബാഗ് പരിശോധന:* ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താം. എന്നാൽ വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന.

*3. അച്ചടക്ക നടപടി:* അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്.

*4. മുടി, യൂണിഫോം:* മുടി, യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്കൂൾ അധികൃതർ നിർദേശങ്ങൾ നൽകണം.

*5. അടിസ്ഥാന സൗകര്യം:* സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കണം.

വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്കൂൾ അച്ചടക്കവും വ്യക്തിശുചിത്വവും ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉത്തരവിലെ ശുപാർശകൾ മേൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, ഡിജിപി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്കാണ് നിർദേശം.

സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.