എലത്തൂർ: കോഴിക്കോട്‌ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് എംഡിഎംഎയും ബ്ര‍ൗണ്‍ ഷുഗറും ചില്ലറ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. ഉണ്ണികുളം ഇയ്യാട് അത്തിക്കോട് ഷംസീർ (35), കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച എലത്തൂര്‍ സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടറും സംഘവും പട്രോളിങ്‌ നടത്തുന്നതിനിടെ ദേശീയപാത ബൈപ്പാസില്‍ കോരപ്പുഴ പാലത്തിനടുത്ത് അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിച്ചുവരികയായിരുന്ന യുപി രജിസ്ട്രേഷന്‍ ഥാര്‍ ജീപ്പ് പോലീസിനെ കണ്ട് വെട്ടിച്ചുപോകാന്‍ ശ്രമിച്ചതോടെ പിന്‍തുടർന്ന്‌ പിടികൂടുകയായിരുന്നു. 

തുടർന്ന്‌ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 30 ഗ്രാം എംഡിഎംഎ, 04.40 ഗ്രാം ബ്ര‍ൗണ്‍ ഷുഗർ, വില്‍പ്പന നടത്തിക്കിട്ടിയ 4,10,550 രൂപ, മൂന്ന് മൊബൈല്‍ ഫോൺ എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഥാര്‍ ജീപ്പ് പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതികളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആർ രഞ്ജിത്ത് പറഞ്ഞു.

പിടിയിലായ ഷഫാന് വയനാട്, കോഴിക്കോട് ജില്ലകളില്‍ കേസുകളുണ്ട്. കാക്കൂര്‍ സ്റ്റേഷനില്‍ പൊതുജനശല്യത്തിനും ബാലുശ്ശേരി സ്റ്റേഷനിലും കേസുകളുണ്ടെന്നും പോലീസ്‌ പറഞ്ഞു. എലത്തൂര്‍ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എൻ.കെ സഹല്‍, ഷാമില്‍ അമീന്‍, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ രൂപേഷ്, സിവിൽ പൊലീസ് ഓഫീസർ മധുസൂദനന്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.Travel