മലപ്പുറം: കളഞ്ഞുകിട്ടിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിലേൽപ്പിച്ച സ്വർണം സ്റ്റേഷനിൽ നിന്ന് കാണാതായി. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് സ്വർണം കാണാതായത്. ഏതാണ്ട് 10 ലക്ഷം രൂപയുടെ സ്വർണം കാണാതായിട്ടുണ്ട്.

പലപ്പോഴായി നാട്ടുകാർ പൊലീസിന് കൈമാറിയ സ്വർണമാണ് കാണാതായിരിക്കുന്നത്. 2018നു മുൻപ് നാട്ടുകാർ കൈമാറിയ സ്വർണ്ണമാല, ബ്രേസ്ലെറ്റ്, 2024 ഒക്ടോബറിൽ കളഞ്ഞുകിട്ടിയ രണ്ട് കമ്മൽ, ഒരു മോതിരം, രണ്ട് മാല എന്നിവയാണ് കാണാതായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കളഞ്ഞുകിട്ടിയ ആഭരണവും കാണാതായതിലുണ്ട്. എല്ലാം ചേർന്ന് 10 പവനോളം വരുമെന്നാണ് നിഗമനം.

സ്വർണം കാണാതായ വിവരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.