കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു; ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍



മലപ്പുറം: വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. 100 കിലോയില്‍ അധികം വരുന്ന കമ്പികളാണ് ഓഫീസ് വളപ്പില്‍ നിന്ന് മോഷ്ടിച്ചത്.



കെഎസ്ഇബി ഉദ്യോഗസ്ഥനായ വണ്ടൂര്‍ സ്വദേശി തോമസ്, അബ്ദുല്‍ സലാം, ജാസില്‍ ഹുസൈന്‍, ഹിഷാമുദ്ദീന്‍, മുഹമ്മദ് ഹസീബ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തോമസും അബ്ദുല്‍ സലാമും ചേര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്. മറ്റ് പ്രതികളോട് വണ്ടിയുമായി വരാന്‍ പറയുകയായിരുന്നു. മോഷണവസ്തുക്കളുമായി പോകുംവഴിയാണ് പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്.