തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ ഒരേ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ഷിഗല്ലയും എച്ച് വണ്‍.എന്‍ വണ്ണും സ്ഥിരീകരിച്ചു. അഞ്ചാം വാര്‍ഡായ പള്ളിക്കര ചേതനയില്‍ 39 കാരിയായ യുവതിക്ക് എച്ച് വണ്‍ എന്‍ വണ്ണും (H1N1), ഇവരുടെ 16 വയസ്സുള്ള മകള്‍ക്ക് ഷിഗല്ല രോഗബാധയുമാണ് കണ്ടെത്തിയത്.

രണ്ടുപേരും നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യമായാണ് എച്ച്.വണ്‍.എന്‍.വണ്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിക്കോടി പഞ്ചായത്തില്‍ ഷിഗല്ല വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

രോഗവിവരം പുറത്തുവന്നതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനവും. നിലവില്‍ സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ജലസ്രോതസ്സുകള്‍ പരിശോധിക്കാനും വീടുകളില്‍ പരിശോധന ശക്തമാക്കാനും ക്ലോറിനേഷന്‍ നടത്താനും ആരോഗ്യ വിഭാഗം തീരുമാനിച്ചു.