കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം. ഗൂഢാലോചനയിൽ ഇതുവരെ തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫോൺ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികതയില്ല. കൂടുതൽ ഫോണുകൾ പരിശോധിക്കണമെന്നും 20ലേറെ പേർ പിടിയിലാകാനുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.

നിലവിൽ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം 26 പേരാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇനിയും 20 പേർ കൂടി ആറസ്റ്റിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇതിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത കേസിലെ പ്രതികളും ഉൾപ്പെടുന്നു.

വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. ഇതിനിടെ കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിക്കുകയും ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഒമ്പതാം പ്രതിയായ ഹരീഷിനാണ് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം തടയാനുള്ള നീക്കങ്ങൾ ഉണ്ടായില്ലെന്ന് ഇഡി പറയുന്നു. കേസന്വേഷണത്തിന്റെ ഈ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇഡി സമർപ്പിച്ച ഹരജി വരുന്ന തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. രണ്ട് പ്രതികളുടെ ജാമ്യഹരജിയിൽ ഇഡികക്ഷി ചേരാനും സാധ്യതയുണ്ട്.