ചെന്നൈ: പ്രശസ്‌ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 25ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷം അടുത്തിടെ സംഘടിപ്പിച്ചിരുന്നു.

ഭാരതിരാജയുടെ 16 വയതിനിലെ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് ഭാഗ്യരാജ് സിനിമയിലെത്തിയത്. ഭാരതിരാജക്കൊപ്പം സഹസംവിധായകനായും പ്രവർത്തിച്ചു. 1979ൽ പുറത്തിറങ്ങിയ 'സുവർ ഇല്ലാത ചിത്തിരംഗൾ' എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'ഒരു കൈ ഓസൈ' (1980), 'മൗന ഗീതങ്ങൾ' (1981), 'അന്ത ഏഴ് നാടുകൾ' (1981), 'ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്' (1982), 'മുന്താനൈ മുടിച്ച്' (1983), 'ധാവണി കനവുകൾ' (1984), 'ചിന്ന വീട്' (1985), 'എങ്ക ചിന്ന റാസാ' (1987), 'അവസര പൊലീസ് 100' (1990) തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭതെളിയിച്ചു. 75ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് ഭാഗ്യരാജ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ആദ്യം എഐഎഡിഎംകെയ്ക്ക് ഒപ്പവും പിന്നീട് ഡിഎംകെക്ക് ഒപ്പവുമായിരുന്നു നിലകൊണ്ടത്. ശേഷം രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നു. നടി പൂർണിമ ജയറാം ആണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കൾ.